
തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സ്ത്രീകൾക്കായുള്ള പരിപാടിയെയും പങ്കെടുത്തവരെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. തിരുവനന്തപുരം സൈബർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഓഗസ്റ്റ് 14ന് രാത്രി വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ‘റീസർജ് – ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ പരിപാടിക്കെതിരെയാണ് അജിത് കുമാർ സമൂഹമാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയത്. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളെ ലൈംഗികച്ചുവയുള്ള പരാമർശങ്ങളിലൂടെ അധിക്ഷേപിച്ചെന്നാണ് പരാതി.
വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറാണ് അജിത് കുമാറിനെതിരെ സൈബർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് തിരുവനന്തപുരം സൈബർ പൊലീസ് അറിയിച്ചു.










